തിരുവനന്തപുരം:ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായുണ്ടായ ഓഫിസ് തർക്കത്തിനൊടുവിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തന്റെ ഓഫിസ് മാറ്റാൻ തീരുമാനിച്ചു. കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് മരുതുംകുഴിയിലെ വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. വിവാദങ്ങൾ ഒഴിവാക്കാനും തർക്കം അവസാനിപ്പിക്കാനുമാണ് തീരുമാനമെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി.കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ ഫോണിലൂടെ തന്നെ ബന്ധപ്പെടുകയായിരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു. പിന്നീട് പ്രശാന്തിന്റെ ഓഫിസിനോട് ചേർന്ന് കൗൺസിലർ ഓഫിസും ആരംഭിച്ചു.
അടുത്തടുത്ത മുറികളിലായി ഇരുവരുടെയും ഓഫിസുകൾ പ്രവർത്തിച്ചിരുന്നതോടെയാണ് വിഷയം വിവാദമായത്.ഇതോടൊപ്പം, എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് മുകളിൽ കൗൺസിലർ സ്വന്തം നെയിംബോർഡ് സ്ഥാപിച്ചതും അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമാണ് തർക്കം കൂടുതൽ രൂക്ഷമാക്കിയത്. നിയമസഭാ കാലാവധി കഴിയുന്നത് വരെ ഓഫിസ് തുടരാനാണ് ഉദ്ദേശമെന്നും, പത്ത് മാസം മുൻപേ തന്നെ കോർപറേഷനു ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകിയിരുന്നുവെന്നുമായിരുന്നു പ്രശാന്തിന്റെ വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമാണെന്ന് തുറന്നടിച്ച പ്രശാന്ത്, ഏഴുവർഷമായി കോർപറേഷൻ കെട്ടിടത്തിലാണ് എംഎൽഎ ഓഫിസ് പ്രവർത്തിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫിസ് മാറ്റാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


