പാരിസ്:ഇന്ത്യൻ പാരാ അർച്ചറി താരമായ ശീതൾ ദേവി ലോകകിരീടം നേടി ചരിത്രം കുറിച്ചു. പാരാ വേൾഡ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ നടന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയിലെ ഒസ്നൂർ കുർ ഗിർഡിയെ 146–143 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 18കാരി ശീതൾ സ്വർണം സ്വന്തമാക്കിയത്.ഇരു കൈകളുമില്ലാത്ത സാഹചര്യത്തിലും കാൽവിരലുകൾ കൊണ്ട് ഞാണു പിടിച്ച് അമ്പെയ്യുന്ന വിസ്മയമാണ് ശീതൾ. മത്സരത്തിലെ കൈകളില്ലാത്ത ഏക അമ്പെയ്ത്ത് താരമായിരുന്നു അവൾ.
കടുത്ത പോരാട്ടമായിരുന്നു ഫൈനൽ. ആദ്യ എൻഡ് 29-29 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രണ്ടാം എൻഡിൽ ലീഡ് നേടിയ ശീതൾ, മൂന്നാം എൻഡിൽ വീണ്ടും സമനിലയിൽ എത്തി. നാലാം എൻഡിൽ 116-114 എന്ന നിലയിൽ രണ്ട് പോയിന്റ് ലീഡ് ഉറപ്പിച്ച ശേഷം, നിർണായകമായ അഞ്ചാം എൻഡിൽ 30 പോയിന്റ് നേടിയതോടെ ശീതൾ സ്വർണ്ണ വിജയം ഉറപ്പിച്ചു.2023 ലെ പിൽസെൻ ലോക ചാമ്പ്യൻഷിപ്പിൽ ഒസ്നൂർ കുർ ഗിർഡി 140-138 ന് ശീതളിനെ തോൽപ്പിച്ചിരുന്നു. അതിനാൽ ഈ വിജയം ശീതളിന് മധുര പ്രതികാരവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജമ്മു-കശ്മീർ സ്വദേശിനിയായ ശീതളിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഇന്ത്യൻ ആർമി സംഘടിപ്പിച്ച കായികമത്സരത്തിലൂടെയാണ്. തുടർന്ന് സൈന്യത്തിന്റെ പിന്തുണയിൽ ആർച്ചറി അക്കാദമിയിൽ പരിശീലനം ആരംഭിച്ച അവൾ, വർഷങ്ങൾക്കകം ലോകം വിസ്മയിക്കുന്ന അമ്പെയ്ത്തുകാരിയായി മാറി.ഏഷ്യൻ പാരാ ഗെയിംസിൽ ഒരേ ചാംപ്യൻഷിപ്പിൽ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ശീതൾ കൈവരിച്ചു.


