കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വൻ മോഷണം. മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ ചേവരമ്പലത്തെ വീട്ടിലാണ് പുലർച്ചെയോടെ കവർച്ച നടന്നത്. 40 പവൻ സ്വർണ്ണാഭരണങ്ങളാണ് കള്ളൻ കുത്തിത്തുറന്ന് വീട്ടിലകത്ത് കടന്ന് മോഷ്ടിച്ചത്.മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗായത്രിയും കുടുംബവും സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇന്ന് ഉച്ചയോടെ വന്ദേഭാരത് ട്രെയിനിൽ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസിനെ വിവരം അറിയിച്ചു, അവരുടെ സാന്നിധ്യത്തിൽ വീട്ടിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ അലമാരയും മേശയും പൊളിച്ച് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
പുലർച്ചെ 1.55ഓടെ മതിൽ ചാടി കടന്ന കള്ളൻ, മുൻവാതിൽ കുത്തിത്തുറന്ന് വീട്ടിലകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന ഉടൻ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ടാഴ്ച മുൻപ് സമീപത്തെ വീട്ടിൽ ഒരാളെ സംശയാസ്പദമായ രീതിയിൽ കണ്ടതായി അയൽവാസി പൊലീസിനോട് അറിയിച്ചു. അന്ന് തന്നെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നുവെന്നും. ഇയാൾ തന്നെയാണോ ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.ഇതിനിടെ, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലൊരാഴ്ചയ്ക്കകം നടക്കുന്ന രണ്ടാമത്തെ വൻ മോഷണമാണ് ഇത്. കഴിഞ്ഞ ദിവസം മല്ലിശ്ശേരി താഴത്ത് നിന്ന് 25 പവൻ ആഭരണങ്ങളാണ് മോഷണം പോയത്.


