കോഴിക്കോട് :താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിപിൻ്റെ തലയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ട ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് (താമരശേരി സ്വദേശിയാണ്) ഡോക്ടറുടെ തലയ്ക്ക് മുറിവേൽപ്പിച്ചത്.അനയയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. വെട്ടാനുപയോഗിച്ച കത്തിയും പ്രതിയായ സനൂപിനെയും താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഡോ. വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പനി ലക്ഷണങ്ങളോടെ അനയയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ ഗുരുതരമാണെന്ന് കണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. പിന്നീട് അവിടെ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ കുട്ടി മരിച്ചു.താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ വൈകിയതാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിട്ടും രോഗനിർണയത്തിൽ കാലതാമസം സംഭവിച്ചുവെന്നും, അപസ്മാരമുണ്ടായ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതെന്നും കുടുംബം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനും തുടർന്ന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദീർഘകാല ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായതോടെ അവനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരമാണ് കാരണമെന്നും, എന്നാൽ അത് വ്യക്തമാക്കുന്ന മരണ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കൾ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകരും പ്രദേശവാസികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.


