മെക്സിക്കോ:എൺപത് വർഷത്തിലേറെയായി അമേരിക്കയ്ക്ക് വെള്ളം നല്കാനുള്ള നിയമബാധ്യതയിൽ പെട്ട് വിറങ്ങലിക്കുന്ന രാജ്യമാണ് മെക്സിക്കോ. 1944-ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ജല ഉടമ്പടിയാണിത്. റിയോ ഗ്രാൻഡെ, കൊളറാഡോ എന്നീ നദികളിലെ ജലവിതരണം സംബന്ധിച്ച ഈ കരാറനുസരിച്ച് മെക്സിക്കോ ഓരോ അഞ്ച് വർഷത്തിലൊരിക്കൽ റിയോ ഗ്രാൻഡെ നദിയിൽ നിന്ന് 1.75 മില്യൺ ഏക്കർ-ഫീറ്റ് വെള്ളം അമേരിക്കയ്ക്ക് നൽകേണ്ടതുണ്ട്.ഇതിന് പകരമായി, അമേരിക്കയും കൊളറാഡോ നദിയിൽ നിന്ന് പ്രതിവർഷം 1.5 മില്യൺ ഏക്കർ-ഫീറ്റ് വെള്ളം മെക്സിക്കോയ്ക്ക് നൽകുന്നുണ്ട്. എൺപത് വർഷം മുമ്പ് രൂപകൽപ്പന ചെയ്ത ഈ കരാർ ഇന്ന് വരെ നിലനിൽക്കുന്നുവെങ്കിലും, കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും അതിന്റെ ഭാവി അനിശ്ചിതമാക്കുകയാണ്.
വരൾച്ചയും പ്രതിസന്ധിയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെക്സിക്കോയുടെ വടക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ അതിരൂക്ഷമായ വരൾച്ചയിൽ നട്ടംതിരിയുകയാണ്. അതിനാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അമേരിക്കയ്ക്ക് വെള്ളം നൽകാൻ മെക്സിക്കോയ്ക്ക് സാധിക്കാതെ വന്നു.നിലവിലുള്ള അഞ്ചുവർഷ സൈക്കിൾ അവസാനിക്കാനിരിക്കെ, നൽകേണ്ട ജലത്തിന്റെ നാലിലൊന്ന് മാത്രമാണ് ഇതുവരെ കൈമാറിയത്. ഇതിന്റെ പ്രതിഫലമായി ടെക്സാസിലെ റിയോ ഗ്രാൻഡെ താഴ്വരയിലെ കാർഷികമേഖല തകർന്ന നിലയിലാണ് അവിടുത്തെ അവസാനത്തെ പഞ്ചസാര മിൽ അടച്ചുപൂട്ടേണ്ടി വന്നതും ഈ കാരണത്താലാണ്
ചരിത്രത്തിൽ ആദ്യമായി ‘ഇല്ല’
മെക്സിക്കോയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആദ്യമായി കടുത്ത നടപടി സ്വീകരിച്ചു. കൊളറാഡോ നദിയിൽ നിന്ന് ടിയുവാനയിലേക്ക് വെള്ളം വിതരണം ചെയ്യണമെന്ന മെക്സിക്കോയുടെ അപേക്ഷ തള്ളിക്കളഞ്ഞത് കരാർ ചരിത്രത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്.അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാദമനുസരിച്ച്, മെക്സിക്കോയുടെ വീഴ്ച അമേരിക്കൻ കർഷകരെ നേരിട്ട് ബാധിക്കുന്നു എന്നതാണ് ഈ കടുപ്പമായ തീരുമാനത്തിന് പിന്നിലെ കാരണം.എന്നാൽ ഈ തീരുമാനം ടിയുവാന നഗരത്തിന് വൻ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. അവിടുത്തെ ജലവിതരണത്തിന്റെ 90 ശതമാനവും കൊളറാഡോ നദിയെ ആശ്രയിച്ചാണ്.
കർഷക പ്രക്ഷോഭങ്ങളും രാഷ്ട്രീയ ചലനങ്ങളും
മെക്സിക്കോയിലെ വടക്കൻ സംസ്ഥാനങ്ങളിലെ കർഷകർ കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. വരൾച്ചയാൽ കൃഷിക്ക് വെള്ളമില്ലാത്ത അവസ്ഥയിൽ, സ്വന്തം ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ച് അമേരിക്കയ്ക്ക് വെള്ളം നൽകുന്നത് അന്യായമാണെന്നതാണ് അവരുടെ വാദം.2020-ൽ ഇതേ വിഷയത്തിൽ കർഷകർ കലാപം നടത്തിയതും ഓർമ്മപ്പെടുത്തേണ്ടതാണ്.ഇപ്പോൾ അമേരിക്കൻ കോൺഗ്രസിലെ ചില അംഗങ്ങൾ വരെ മെക്സിക്കോക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ, 80 വർഷം പഴക്കമുള്ള ഈ ജല ഉടമ്പടി ഇരു രാജ്യങ്ങൾക്കുമിടയിൽ ‘ജലയുദ്ധം’ സൃഷ്ടിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരിക്കുകയാണ്.


