ഗാസ:ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കൻ ഗാസയിലെ ബെയ്‌റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വീടുകൾ, സ്‌കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോർട്ട്. 250 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ കരാർ പുനഃരാരംഭിച്ചതായി ഇസ്രയേൽ വ്യക്തമാക്കി.ഹമാസ് ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേൽ വാദം.
വെടിനിർത്തൽ കരാർ പ്രകാരം ഗാസയ്ക്കുള്ളിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന ‘യെല്ലോ ലൈനിന്’ സമീപമുള്ള റാഫയിലുണ്ടായ ആക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, ബന്ദികളെയും ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചുവെന്നും ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഈ വാദങ്ങൾ തള്ളിയിരുന്നു. ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്രയേൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹമാസ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെടിനിർത്തൽ കരാര്‍ പാലിക്കാൻ പ്രതിജ്ഞാബന്ധരാണെന്നും ഹമാസ് പറഞ്ഞു.എന്നാൽ, വെടിനിർത്തലിന് ഒന്നും തടസമാകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഹമാസ് ഒരു ഇസ്രയേൽ സൈനികനെ വെടിവച്ചു കൊന്നു. അതിനാൽ ഇസ്രയേലികൾ തിരിച്ചടിച്ചു, അവർ തിരിച്ചടിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇതിനകം ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഭയാനകമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. സമാധാനത്തിനുള്ള അവസരം കൈപിടിയിൽ നിന്ന് വഴുതിപ്പോകരുതെന്നും യുഎൻ പറയുന്നു.
ട്രംപിന്റെ ഇരുപത് ഇന സമാധാന പദ്ധതിയെ അടിസ്‌ഥാനമാക്കിയാണ് ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നത്. ട്രംപിൻ്റെ സാന്നിധ്യത്തിൽ ഈജിപ്ത്, ഖത്തർ, തുർക്കി എന്നീരാജ്യങ്ങളാണ് കരാറിൽ ഒപ്പുവച്ചത്. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് 72 മണിക്കൂറിനുള്ളിൽ ഹമാസ് മരിച്ചതും ജീവിച്ചിരിക്കുന്നതുമായ 48 ബന്ദികളെ കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതിൽ ജീവനോടെ ശേഷിച്ച 20 ബന്ദികളെയും വിട്ടയച്ചു. ഇനി16 പേരുടെ കൂടി ഭൗതികാവശിഷ്ടങ്ങൾ കൈമാറാനുണ്ട്. വെടിനിർത്തൽ കരാർ പ്രകാരം അവശേഷിക്കുന്നവരെ വേഗത്തിൽ കൈമാറണമെന്ന് ട്രംപ് ശനിയാഴ്‌ച ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

