തലയോലപ്പറമ്പ്: മറവൻതുരുത്തിലെ ഏകദേശം 150 വർഷം പഴക്കമുള്ള പുരാതന തറവാട് വീട് തീപിടുത്തത്തിൽ കത്തിനശിച്ചു. തടിയിലൊരുക്കിയ കൊത്തുപണികളോടു കൂടിയ അറയും നിരയും മച്ചും ഉൾക്കൊള്ളുന്ന നാലുകെട്ട് ഒരു രാത്രിക്കുള്ളിൽ തീയുടെ കനലായി മാറുകയായിരുന്നു.വീടിനു സമീപത്തുനിന്ന് പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തിയതിനെ തുടർന്ന് തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് ദുരൂഹത ശക്തമായി. വീടിന്റെ ഉടമ മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.
തീപിടിത്തം ഷോർട് സർക്യൂട്ടിന്റെ ഫലമല്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നു തിങ്കളാഴ്ച രാത്രി 11 മണിയോടെ പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു.ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പിന്റെ നടുവിലാണ് വീട്. ഒരു വശം മൂവാറ്റുപുഴായാറാണ്. രാത്രി സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും സാന്നിധ്യം പ്രദേശവാസികൾ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി


