കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും കൊടികളും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാൻ ഹൈക്കോടതി സർക്കാർ അധികാരികൾക്ക് കർശന നിർദേശം നൽകി.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത ബോർഡുകളും ഫ്ലക്സുകളും സംസ്ഥാനമെങ്ങും വ്യാപകമായി സ്ഥാപിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച ഹർജിയിലൂടെയാണ് കോടതി ഇടപെട്ടത്.കോടതി ഉത്തരവുപ്രകാരം, 14 ദിവസത്തിനകം എല്ലാ അനധികൃത പ്രചരണ സാമഗ്രികളും നീക്കം ചെയ്യണം.
ഇത് പാലിക്കാത്തപക്ഷം ഉത്തരവാദിത്തം തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും. കൂടാതെ, നിയമലംഘനം നടത്തിയ രാഷ്ട്രീയ പാർട്ടികളിലും വ്യക്തികളിലും നിന്ന് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും നീക്കത്തിനായുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനെ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.


