മൂന്നാർ: വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്ന ജീപ്പ് മാട്ടുപ്പെട്ടിക്ക് സമീപം താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള വിദ്യാർത്ഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട്ടിലെ കരൂരിൽ നിന്ന് മൂന്നാറിലേക്കാണ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കെത്തിയത്. വിദ്യാർത്ഥികളടങ്ങിയ സംഘം രണ്ട് ബസുകളിലായാണ് മൂന്നാറിലെത്തിയത്. അവിടെ നിന്ന് എട്ട് വിദ്യാർത്ഥികൾ ജീപ്പിൽ മാട്ടുപ്പെട്ടി ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്.
തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ഒഴികെ, മറ്റ് മൂന്ന് പേർക്ക് നേരിയ പരിക്കുകളാണ് ഉണ്ടായത്. ഇവർക്ക് സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് വേണ്ടി നടത്തുന്ന ജീപ്പ് യാത്രകളിൽ വേഗപരിധി ലംഘനവും മത്സരയോട്ടങ്ങളും പതിവായി നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു. വളവുകൾ നിറഞ്ഞ മാട്ടുപ്പെട്ടി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.


