ചെന്നൈ :തമിഴ്നാട്ടിൽ നടനും തമിഴകം വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ് വീണ്ടും സംസ്ഥാന പര്യടനം ആരംഭിക്കാൻ ഒരുങ്ങുന്നു. കരൂർ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പര്യടനം ഡിസംബർ ആദ്യവാരം പൊതു സമ്മേളനങ്ങളോടെ പുനരാരംഭിക്കാനാണ് തീരുമാനമെന്നായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഡിസ്ംബർ നാലിന് സേലത്ത് ആദ്യ പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. ഇതിന് മൂന്ന് സ്ഥലങ്ങൾ ടിവികെ മുന്നോട്ടുവെച്ചിട്ടുണ്ട്, അപേക്ഷയും സേലം പൊലീസിന് നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം സംഘടിപ്പിക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.
ആഴ്ചയിൽ ബുധനാഴ്ചയും ശനിയാഴ്ചയും പൊതുയോഗങ്ങൾ നടത്താനാണ് ആലോചന. കരൂരിലെ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് പൊതുപ്രവർത്തനങ്ങളിൽ സജീവമായി മടങ്ങുന്നത്. സെപ്തംബർ 27-നാണ് കരൂരിൽ നടന്ന ദുരന്തത്തിൽ കുട്ടികളുൾപ്പെടെ 41 പേരാണെ മരിച്ചത്. തുടർന്ന് വിജയ് പര്യടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.സമീപകാലത്ത് വിജയ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും അവരുടെ ചികിത്സാ ചെലവുകളും വിദ്യാഭ്യാസ ചെലവുകളും വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പര്യടനം വീണ്ടും ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്.


