തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപനം ശക്തമാകുകയാണ്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 350 കടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 203 പേരുടെ മരണത്തിൽ രോഗസ്ഥിരീകരണം ലഭിച്ചപ്പോൾ, 149 മരണങ്ങൾ എലിപ്പനിയാണെന്ന സംശയത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം മാത്രം രോഗം മൂലം 35 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആകെ 5,000ലധികം പേർ എലിപ്പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതിനു പുറമെ, ഡെങ്കിപ്പനി ബാധിച്ച് 69 പേരും അമീബിക് മസ്തിഷ്കജ്വരം മൂലം 42 പേരും മരിച്ചതായാണ് വിവരങ്ങൾ.പനി, തലവേദന, കടുത്ത ക്ഷീണം, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായി രോഗം കാണപ്പെടുന്നതായും വിദഗ്ധർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണിൽ ചുവപ്പ് നിറം കാണപ്പെടുക, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകുക എന്നിവയും രോഗസൂചനകളായി പരിശോധിക്കാം.രോഗം നേരത്തെ തിരിച്ചറിയാതെ ചികിത്സ വൈകിയാൽ കരൾ, വൃക്ക, ശ്വാസകോശം എന്നിവയെ ബാധിച്ച് മരണത്തിൽ കലാശിക്കാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ പരിശോധനക്കും ചികിത്സക്കും വിധേയരാകണമെന്ന് അവർ ആവശ്യപ്പെട്ടു.


