പണിക്കൂലിയായി ലഭിച്ചത് 97 ഗ്രാം സ്വർണം;ശബരിമല സ്വർണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചെടുത്തത് ഒരു കിലോയ്ക്കടുത്ത് സ്വർണം; നിർണായക രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസ് ഏകദേശം ഒരു കിലോയ്ക്കടുത്ത് സ്വർണം വേർതിരിച്ചെടുത്തതായി തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.രേഖകൾ പ്രകാരം, 14 പ്രധാന സ്വർണ്ണപ്പാളികളിൽ നിന്ന് 577 ഗ്രാം സ്വർണവും സൈഡ് പാളികളിൽ നിന്ന് 409 ഗ്രാം സ്വർണവും വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതിൽ 96–97 ഗ്രാം സ്വർണം പണിക്കൂലിയായി സ്മാർട്ട് ക്രിയേഷൻസ് കൈപ്പറ്റിയതായും, ശേഷിക്കുന്ന 474–477 ഗ്രാം സ്വർണം ജ്വല്ലറിയുടമയായ ഗോവർധനന് വിൽപ്പനയ്ക്കായി കൈമാറിയതായും രേഖകളിൽ വ്യക്തമാണ്.

Advertisements

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തുടക്കത്തിൽ കമ്പനി നിഷേധിച്ചിരുന്നു. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തനം നടത്തിയിട്ടില്ലെന്നും, സ്വർണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇവരുടെ മൊഴി. എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ അന്നുതന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമികഘട്ടത്തിൽ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ, ശബരിമല സ്വർണം വേർതിരിച്ചെടുത്തതായി ഭണ്ഡാരി സമ്മതിച്ചിരുന്നു.ഇന്നലെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രേഖകൾ പ്രകാരം ഏകദേശം ഒരു കിലോയ്ക്കടുത്ത് സ്വർണം വേർതിരിച്ചെടുത്തിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഗോവർധനന് കൈമാറിയ സ്വർണത്തിന്റെ അളവും പണിക്കൂലി ഇടപാടുകളും വിശദമായി രേഖപ്പെടുത്തിയിരിക്കുന്നതായാണ് വിവരം. ഇതിന് പുറമെ ഇവർ തമ്മിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തും. കേസിന്റെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്‌ഐടി വാദം കോടതി പൂർണമായി തള്ളുകയായിരുന്നു.കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി.

ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്.കേസിൽ എഫ്‌ഐആർ, റിമാൻഡ് റിപ്പോർട്ട്, എഫ്‌ഐഎസ് മൊഴിപ്പകർപ്പുകൾ അടക്കമുള്ള എല്ലാ രേഖകളും എസ്‌ഐടി ഇഡിക്ക് കൈമാറണമെന്നാണ് കോടതിയുടെ ഉത്തരവ്. വിവിധ സംസ്ഥാനങ്ങളിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ചതിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും, രാജ്യാന്തര വിഗ്രഹ കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടായെന്നുമുള്ള ആരോപണങ്ങൾ മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.രേഖകൾ എത്രയും വേഗം കൈപ്പറ്റി കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Hot Topics

Related Articles