ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പിന്നാലെ ദുരൂഹമരണം-തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും

തിരുവനന്തപുരം:ഭാര്യ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത്‌കുമാർ (53) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വട്ടപ്പാറ പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിക്ക് കത്തുനൽകിയതിന് പിന്നാലെയാണ് നടപടി.അജിത്തിൻ്റെ രക്ഷിതാക്കളായ രാധാദേവിയും മാധവൻനായരും അന്വേഷണം മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയും മന്ത്രിയുടെ കത്തിനൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടർന്ന് മന്ത്രി ജി.ആർ. അനിലും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും അജിത്തിൻ്റെ കുടുംബവീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.

Advertisements

കഴിഞ്ഞ ഒക്ടോബർ 19ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് അജിത്ത് ജീവനൊടുക്കിയതാണെന്നായിരുന്നു മകൻ വിനായക് ശങ്കറിന്റെ പ്രാഥമിക മൊഴി. എന്നാൽ, മരണത്തിന് 60 ദിവസങ്ങൾക്ക് ശേഷം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായക വഴിത്തിരിവായി. മരണകാരണം തലയിൽ ഉണ്ടായ ഗുരുതര പരുക്കാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സംഭവദിവസം അജിത്തും മകനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നുവെന്നും വടിയെടുത്ത് അച്ഛനെ താൻ അടിച്ചതായും വിനായക് പിന്നീട് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അജിത്തിന്റെ ഭാര്യ ബീനയെയും മകൻ വിനായകിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമില്ലെന്ന നിലപാടാണ് ബീന സ്വീകരിച്ചത്. വാഹനം ഉപയോഗിക്കാൻ താക്കോൽ ആവശ്യപ്പെട്ട് അജിത്തും മകനും തമ്മിൽ പിടിവലി ഉണ്ടായെന്നും, താക്കോൽ നൽകാത്തതിനെ തുടർന്ന് ടോർച്ച് ഉപയോഗിച്ച് മകനെ അടിക്കാൻ അജിത്ത് ശ്രമിച്ചപ്പോഴാണ് ചെമ്പരത്തി കമ്പെടുത്ത് മകൻ തിരിച്ചടിച്ചതെന്നും ബീന മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന ബീന, തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വെമ്പായം പഞ്ചായത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ അജിത്ത് മുൻപ് ഫെയ്സ്ബുക്കിൽ പരസ്യമായി പ്രതികരിച്ചതും മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ വർധിപ്പിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്.

പൊലീസിന്റെ ഗുരുതര വീഴ്ചകൾ

അജിത്തിൻ്റെ മൃതദേഹത്തിൽ പരുക്കുകളും ചതവുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്ന ആരോപണം ശക്തമാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതികൾ ഉയർന്നിട്ടും മൃതദേഹം കണ്ടെത്തിയ മുറി സീൽ ചെയ്യുകയോ ഫോറൻസിക് പരിശോധന നടത്തുകയോ ചെയ്തില്ല.ഇൻക്വസ്റ്റ് സമയത്ത് മരണത്തിൽ സംശയം ഉന്നയിച്ച ബന്ധുക്കളെ ഒഴിവാക്കിയതായും ആരോപണമുണ്ട്. അജിത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മരണത്തിന് ശേഷം മകൻ നീക്കം ചെയ്തുവെന്ന ആരോപണം നിലനിൽക്കുമ്പോഴും അതുമായി ബന്ധപ്പെട്ട അന്വേഷണം ഉണ്ടായില്ല.

ആത്മഹത്യയെക്കുറിച്ച് അജിത്ത് ഫെയ്സ്ബുക്കിൽ എവിടെയും പരാമർശിച്ചിട്ടില്ലെന്നും, എന്നാൽ അച്ഛൻ ആത്മഹത്യയെക്കുറിച്ച് പറഞ്ഞതായി മകൻ നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിട്ടും പൊലീസ് അത് പരിശോധിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.മരണാനന്തര ചടങ്ങുകൾക്കുശേഷം വീട്ടിലെ മുറികൾ പെയിന്റ് ചെയ്ത വിവരം അറിഞ്ഞിട്ടും പൊലീസ് അത് പരിശോധിക്കാതിരുന്നതും അന്വേഷണത്തിലെ ഗുരുതര പാളിച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

Hot Topics

Related Articles