കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവം. 12 സീറ്റ് വിജയിച്ച കോൺഗ്രസിന് മൂന്നു വർഷവും, നാലു സീറ്റ് വിജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു രണ്ടു വർഷവും വീതം വയ്ക്കാനുള്ള ധാരണയാണ് പ്രാഥമികമായി ഉരുത്തിരിഞ്ഞിരിക്കുന്നത്. 27 ന് മുൻപ് ധാരണയിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുതിർന്ന അംഗം ജോഷി ഫിലിപ്പിനെയും, യുവ നേതാവ് പി.കെ വൈശാഖിനെയുമാണ് പരിഗണിക്കുന്നത്. ആദ്യത്തെ മൂന്നു വർഷം കോൺഗ്രസിനു നൽകുമ്പോൾ ആദ്യം ആരാകും പ്രസിഡന്റാകുന്നതെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
കോട്ടയം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ പി.കെ വൈശാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും വൈശാഖ്. യുവത്വത്തിനും പോരാട്ട വീര്യത്തിനും പ്രാഥാന്യം നൽകിയാൽ വൈശാഖ് തന്നെയാകും ജില്ലയിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുക. എന്നാൽ, അനുഭവ സമ്പത്തിനും പാർട്ടിയിലെ സീനിയോരിറ്റിയുമാണ് പരിഗണിക്കുക എങ്കിൽ കെ.പി.സി.സി സെക്രട്ടറി കൂടിയായ ജോഷി ഫിലിപ്പിന്റെ പേരാകും പരിഗണനയ്ക്ക് വരിക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസുമായി വീതം വയ്ക്കുന്ന കാര്യത്തിൽ അടക്കം ഇനിയും അന്തിമ തീരുമാനം എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടക്കം കോൺഗ്രസ് ഇനിയും ചർച്ച ചെയ്യേണ്ടതുണ്ട്. വിഷയത്തിൽ അടക്കം അന്തിമ തീരുമാനം എടുക്കുക തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാകും. 26 വരെ സമയമുണ്ടെന്നും അതിനു മുൻപ് തന്നെ തീരുമാനം ഉണ്ടാകുമെന്നുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.


