പരോൾ വേഗത്തിലാക്കാമെന്ന വാഗ്ദാനം നൽകി കൈക്കൂലി;ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം:പരോൾ അനുവദിക്കുന്നതിന് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജി) എം.കെ. വിനോദ് കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.പരോൾ അനുവദിക്കാനും ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisements

ലഹരിക്കേസുകളിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് പരോൾ വേഗത്തിൽ ലഭ്യമാക്കാൻ ഇടപെടാമെന്ന് അറിയിച്ചായിരുന്നു കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസിന് വിവരം ലഭിച്ചത്. ഗൂഗിള്‍ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അക്കൗണ്ട് പരിശോധനയിലാണ് 1.80 ലക്ഷം രൂപ ലഭിച്ചതായി കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിയ്യൂർ ജയിലിലെ വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിജിലൻസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായി പണം വാങ്ങിയെന്ന പരാതിയും വിനോദ് കുമാറിനെതിരെ ഉയർന്നിട്ടുണ്ട്.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

Hot Topics

Related Articles