ന്യൂസ് ഡെസ്ക് :താടി വളർത്തുന്നത് ഇഷ്ടപ്പെടുന്നവരും, താടി വളർത്തുന്നവരെ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ താടി വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോര അതിനെ വൃത്തിയായും ഭംഗിയായും ആരോഗ്യകരമായും സംരക്ഷിക്കുന്നതും അത്രയേറെ പ്രധാനമാണ്. ഇന്നത്തെ വിപണിയിൽ താടിയുടെ ആരോഗ്യവും സ്റ്റൈലിംഗും ലക്ഷ്യമാക്കി നിരവധി ബിയർഡ് ഓയിലുകളാണ് ലഭ്യമായിരിക്കുന്നത്. പലരും ഇവ സ്ഥിരമായി ഉപയോഗിക്കുന്നുമുണ്ട്.താടി മിനുക്കുന്നതിനും ആരോഗ്യമുള്ള വളർച്ചയ്ക്കുമായി ആദ്യം മുഖം ഒരു ക്ലെൻസർ ഉപയോഗിച്ച് നന്നായി കഴുകണം. തുടർന്ന് വൃത്തിയുള്ള ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പി കളയുക. ചർമ്മത്തിൽ അല്പം ഈർപ്പം നിലനിർത്തുന്നതാണ് ഉചിതം. ബിയർഡ് ഓയിൽ താടി രോമങ്ങളിൽ മാത്രം പുരട്ടാതെ ചർമ്മത്തിൽ സ്പർശിക്കുന്ന രീതിയിൽ നന്നായി തേച്ച് മസാജ് ചെയ്യണം. ചർമ്മത്തിൽ മസാജ് ചെയ്യുന്നതിലൂടെ രക്തചംക്രമണം വർധിക്കുകയും അതുവഴി താടിരോമങ്ങളുടെ വളർച്ച മെച്ചപ്പെടുകയും ചെയ്യും.
താടി വളർത്താൻ ആഗ്രഹിക്കുന്നവർ ഇടയ്‌ക്കിടെ ട്രിം ചെയ്യുന്നത് ഒഴിവാക്കണം. നാല് മുതൽ ആറു ആഴ്ചയ്ക്കൊരിക്കൽ മാത്രം ട്രിം ചെയ്യുന്നതാണ് നല്ലത്. കൂടാതെ ഇടയ്ക്കിടെ താടി മസാജ് ചെയ്യുന്നതും നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കയുടെ അംശമുള്ള എണ്ണകൾ ഉപയോഗിക്കുന്നതും താടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്.താടിയുടെ വളർച്ചയെ ബാധിക്കുന്നതിൽ പലരും മറന്നുപോകുന്ന ഒരു പ്രധാന കാര്യം ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാത്തതാണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീര്യം കുറഞ്ഞ സ്ക്രബ് ഉപയോഗിച്ച് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യണം. സ്ക്രബ് ചെയ്ത ശേഷം മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നിർബന്ധമാണ്. ഇതുവഴി മൃദുലവും തിളക്കമുള്ളതുമായ താടി സ്വന്തമാക്കാൻ കഴിയും.വരണ്ട ചർമ്മമുള്ളവർ ബിയർഡ് ഓയിൽ തിരഞ്ഞെടുക്കുമ്പോൾ ആർഗൺ ഓയിൽ, സ്വീറ്റ് ആമണ്ട് ഓയിൽ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചർമ്മക്കാർക്ക് ജോജോബ ഓയിൽ, ഗ്രേപ്‌സീഡ് ഓയിൽ എന്നിവ അടങ്ങിയ ബിയർഡ് ഓയിലുകൾ കൂടുതൽ അനുയോജ്യമാണ്. ദിവസേന ബിയർഡ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യകരവും കട്ടിയുള്ളതുമായ താടി വളർത്താം.


