തിരുവനന്തപുരം:പുനർജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ തെളിയുന്നില്ലെന്നും വിജിലൻസ് ഡയറക്ടർക്ക് ഡിഐജി കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ കത്ത് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന ശുപാർശ വിജിലൻസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പുനർജനി പദ്ധതി സംബന്ധിച്ച് വിജിലൻസ് കത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്നാമതായി, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താനായിട്ടില്ല. രണ്ടാമതായി, വിദേശ സന്ദർശനത്തിന് ശേഷം സതീശൻ വസ്തു വാങ്ങിയതായി പരാതിയിൽ ആരോപണമില്ലാത്തതിനാൽ ആ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.
മൂന്നാമതായി, പുനർജനി പദ്ധതിയിലെ ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണെന്നും സതീശൻ ഫണ്ട് കൈകാര്യം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു. നാലാമതായി, സതീശൻ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


