അമ്മത്തൊട്ടിലിൽ പുതുവത്സര സമ്മാനം:പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’: തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകൾ ഉയരുന്നു

തിരുവനന്തപുരം:പുതുവർഷത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അമ്മത്തൊട്ടിലിൽ എത്തിച്ചത്.പുതുവർഷത്തിലെ ആദ്യ നവാഗതയ്ക്ക് ‘പൗർണ്ണ’ എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുണ്‍ ഗോപി അറിയിച്ചു.അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയ വിവരം അറിയിച്ചുള്ള അലാറം മുഴങ്ങിയ ഉടൻ ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ കുഞ്ഞിന്റെ ദൃശ്യങ്ങളും പ്രത്യക്ഷപ്പെട്ടു. തുടർന്ന് നഴ്സുമാരും അമ്മമാരുമടക്കമുള്ള ജീവനക്കാർ ഉടൻ അമ്മത്തൊട്ടിലിലെത്തി കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

Advertisements

പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു.ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ കുഞ്ഞിന് ഉള്ളതിനാൽ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുഞ്ഞ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പൂർണ്ണ സംരക്ഷണത്തിൽ ആരോഗ്യവതിയായി കഴിയുകയാണെന്ന് അധികൃതർ അറിയിച്ചു.2025-ൽ മാത്രം തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ 30 കുട്ടികളാണ് സർക്കാർ സംരക്ഷണത്തിനായി എത്തിയത്. ‘പൗർണ്ണ’യുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കേണ്ടതിനാൽ, കുട്ടിയുടെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ അടിയന്തരമായി സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Hot Topics

Related Articles