ന്യൂഡൽഹി:കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ 17 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കൂട്ടമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ഇന്ദ്ര ക്യാമ്പ് സ്വദേശിയായ ഗ്യാൻ സിങ്ങിന്റെ മകൻ മോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആറ് ആണ്‍കുട്ടികളെ മയൂർ വിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ജനുവരി 5-ന് വൈകുന്നേരം മോഹിതും മറ്റൊരു കുട്ടിയും തമ്മിലുണ്ടായ വാക്ക് തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.
സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന മോഹിതിനെ ഒരു സംഘം കുട്ടികൾ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.സംഭവത്തിനിടെ ഇടപെടാൻ ശ്രമിച്ച മറ്റൊരു യുവാവിനും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലും പിന്നീട് ഗുരു തേഗ് ബഹാദൂർ (ജിടിബി) ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജനുവരി 6-ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതീയ ന്യായ സംഹിതയിലെ (BNS) കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മോഹിതിന് നീതി വേണമെന്ന് കുടുംബം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.


