എറണാകുളം:കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ട്രെയിനിനുള്ളിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെ തുടർന്ന് രൂക്ഷ വിമർശനവുമായി സിപിഎമ്മും കോൺഗ്രസും രംഗ ത്ത്.സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പുറത്തിറക്കി. ആർഎസ്എസ് ഗണഗീതം വിദ്യാർത്ഥികളിലൂടെ പാടിപ്പിച്ചതിലൂടെ ദക്ഷിണ റെയിൽവേ ഭരണഘടനാതത്വങ്ങൾ ലംഘിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും അവരുടെ വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” എന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണ റെയിൽവേ ഈ ഗാനം ‘ദേശഭക്തിഗാനം’ എന്ന കുറിപ്പോടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവെച്ചതോടെ വിവാദം രൂക്ഷമായി. തുടർന്ന് വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്യേണ്ടിവന്നു.സംഭവത്തെ ശക്തമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും രംഗത്തെത്തി. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആർഎസ്എസ് ഗണഗീതം പാടിച്ചത് രാജ്യത്തെ പൊതുസംവിധാനങ്ങളെ കാവിവത്കരിച്ച് ആർഎസ്എസിന്റെ നുകത്തിൽ കെട്ടാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
“ദേശീയഗാനം മുഴങ്ങേണ്ട വേദികളിൽ ഗണഗീതം പാടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധത്തെ വിഷമിപ്പിക്കുന്ന ശ്രമമാണ്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കേണ്ടതാണ്,” എന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.


