കൊച്ചി: ചെല്ലാനത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കണ്ടെത്തി. എൻജിൻ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തെയാണ് മറ്റൊരു ബോട്ട് രക്ഷപ്പെടുത്തിയതും കരയിലേക്ക് കൊണ്ടുവന്നതും.KL03 4798 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇമ്മാനുവൽ എന്ന ഒറ്റ എൻജിൻ വള്ളത്തിലായിരുന്നു ഇവർ കടലിലേക്ക് പോയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു.
എന്നാൽ വള്ളവുമായി ബന്ധപ്പെടാനായില്ലതിനെ തുടര്‍ന്ന് ആശങ്ക ഉയര്‍ന്നിരുന്നു.സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്.ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡും നേവിയും ഉൾപ്പെടെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഈ തിരച്ചിലിനിടെയാണ് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ട് കണ്ടെത്തി കരയിലേക്ക് എത്തിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.


