അരൂർ :ദേശീയപാതയിലെ ഗർഡർ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തഹസിൽദാരുമായി നടത്തിയ ചർച്ചയിലാണ് സമവായം സാധ്യമായത്. കരാർ കമ്പനി സഹായമായി രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും.മരണാനന്തരച്ചടങ്ങിനായി 40,000 രൂപയും നൽകും. കൂടാതെ, അടിയന്തരസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു സർക്കാർ 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മകന്റെ നിയമനത്തിന് ശുപാർശ നൽകുമെന്നും തഹസിൽദാർ അറിയിച്ചു.
അരൂർ ഗർഡർ അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് എൻഎച്ച്എഐയുടെ തീരുമാനം.അതേസമയം, ഗർഡർ അപകടത്തിന് റോഡ് നിർമാണ കമ്പനിയുടെയും സർക്കാരിന്റെയും ഉത്തരവാദിത്തമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജേഷിന്റെ മകന് ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്‌കാരച്ചടങ്ങിനായി രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും നൽകുമെന്നാണു ഇപ്പോൾ കലക്ടർ അറിയിച്ചതെന്നും എന്നാൽ അത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സഹായം ഉറപ്പാക്കാൻ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മരിച്ച രാജേഷിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ചെന്നിത്തല എത്തിയിരുന്നു.


