തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയത് യുഡിഎഫ് അല്ലെന്നും, ആകാശം ഇടിഞ്ഞുവീണാലും സുപ്രീംകോടതി വിധിക്കൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.എൻഎസ്എസിന് സ്വന്തമായി നിലപാട് എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ടെന്നും, അവരുടെ തീരുമാനത്തെതിരെ യുഡിഎഫ് യാതൊരു പരാതിയോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.“ആഗോള അയ്യപ്പ സംഗമത്തിൽ ചില സംഘടനകൾ പങ്കെടുത്തു. യോഗക്ഷേമസഭയും ബ്രാഹ്‌മണസഭയും പങ്കെടുത്തില്ല. അത് അവരുടെ സ്വന്തം തീരുമാനമാണ്. എൻഎസ്എസ് എന്ത് തീരുമാനം എടുക്കണമെന്ന് യുഡിഎഫ് പറയേണ്ട കാര്യമില്ല.
മുൻപ് എസ്എൻഡിപി ജനറൽ സെക്രട്ടറി നവോഥാന സമിതിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് പിന്തുണയായിരുന്നു അവരുടെ നിലപാട്. പിന്നീട് അത് മാറ്റി. അതുപോലെ തന്നെ, പിണറായി വിജയൻ അന്ന് നവോഥാന ചിന്തയിൽ മാറ്റമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി എങ്ങോട്ടാണ് മാറിയിരിക്കുന്നതെന്ന് ചോദിക്കേണ്ടി വരുന്നു,” വി.ഡി. സതീശൻ പറഞ്ഞു.യുഡിഎഫ് അന്നും ഇന്നും അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും ഒപ്പമാണെന്നും, ഇപ്പോൾ എടുത്തിരിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകളുടെ തീരുമാനത്തിൽ യുഡിഎഫിന് ആശങ്കയില്ലെന്നും, ഒരോ സംഘടനയ്ക്കും തങ്ങളുടെ നിലപാട് എടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


