കണ്ണൂർ: എ.ഡി.എം. നവീൻ ബാബു ആത്മഹത്യക്കേസിലെ പ്രതിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. സി.പി.എം. പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ദിവ്യയുടെ പേര് ഉൾപ്പെട്ടിട്ടില്ല.മുൻപ് ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ ഇത്തവണ പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ വി.വി. പവിത്രനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.നവീൻ ബാബു കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും പാർട്ടിയുടേതായ ആഭ്യന്തര വിലയിരുത്തലുകളും പരിഗണിച്ചാണ് ദിവ്യയ്ക്ക് സീറ്റ് നിഷേധിച്ചതെന്ന് സൂചനയുണ്ട്.
പാർട്ടി നടപടിയെത്തുടർന്ന് ദിവ്യയെ നേരത്തെ തരംതാഴ്ത്തിയിരുന്നു.വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് “നോ കമൻ്റ്സ്” എന്നായിരുന്നു സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ മറുപടി. “ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചർച്ചയാവുക വ്യക്തികളല്ല, വികസനമാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി.ദിവ്യ നവീൻ ബാബു കേസ് മാത്രമല്ല, ജില്ലാ പഞ്ചായത്തിൽ രണ്ട് കാലാവധികൾ പൂർത്തിയാക്കിയതുമാണ് മറ്റൊരു ഘടകമായി പരിഗണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സി.പി.എം. കണ്ണൂരിൽ മത്സരിക്കുന്ന 16 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചു. നിലവിലെ വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങളാണ്.അതേസമയം, എസ്.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡൻറ് കെ. അനുശ്രീക്കും പാർട്ടി സീറ്റ് നൽകിയിട്ടുണ്ട്. അനുശ്രീ പിണറായി ഡിവിഷനിൽനിന്നാണ് മത്സരിക്കുന്നത്.


