തിരുവനന്തപുരം :ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ എത്തുന്ന കാലമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം വകുപ്പുകൾ കൈകാര്യം ചെയ്യുകയാണെങ്കിലും റെയിൽവേയുടെ വികസനത്തിനായി ശക്തമായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.എറണാകുളം–ബംഗളൂരു റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വാരാണസിയിൽ നടന്ന ചടങ്ങോടൊപ്പം ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹരൻപൂർ, ഫിറോസ്പൂർ–ഡൽഹി റൂട്ടുകളിലും പുതിയ വന്ദേ ഭാരത് സർവീസുകൾ ആരംഭിച്ചു.
“വന്ദേ ഭാരത് എന്ന വിപ്ലവ റെയിൽ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെ ചില ട്രെയിനുകൾ വൈകുന്നതും സ്റ്റോപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നിരുന്നു. ഇതെല്ലാം പരിഹരിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനായി റെയിൽവേ സജ്ജമാണ്. ഈ വർഷം മാത്രം 3042 കോടി രൂപ കേരളത്തിനായി നീക്കിവച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പത്തായിരം കോടിയോളം നൽകാൻ റെയിൽവേ തയ്യാറാണ് ഭൂമിയാണ് വേണ്ടത്,” സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്ദേ ഭാരതിന്റെയും എക്സ്പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വർധിപ്പിക്കാമെന്നും, അതിനായി ട്രാക്കിലെ വളവുകൾ (കർവുകൾ) നിവർത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “സീറോ കർവ്, നോ കർവ്, ഡീപ് കർവ് റെയിൽലൈൻ വികസനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണം. റെയിൽവേ സ്റ്റേഷന്റെ സ്ഥലം തിരഞ്ഞെടുക്കലാണ് അത്യാവശ്യമായത്. കൊച്ചിയുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെങ്കിൽ പൊന്നുരുന്നിയിൽ 110 മുതൽ 117 ഏക്കർ വരെയുള്ള സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഹബ് വരണം.
ചെന്നൈയിലെ എം.ജി.ആർ. സെൻട്രൽ സ്റ്റേഷൻ പോലൊരു റെയിൽവേ ഹബ് ആണ് ഞാൻ സ്വപ്നം കാണുന്നത്,” അദ്ദേഹം പറഞ്ഞു.കേരളത്തിൽ റെയിൽവേ സൗകര്യമില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും ഇന്നും ഉണ്ടെന്നും അവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. “കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വേണം. അതിനായി സീറോ കർവ് ഭൂമി ലഭ്യമാക്കണം. ഞാൻ പറഞ്ഞത് തൃശൂരിലേക്കുള്ള മെട്രോ അല്ല, കോയമ്പത്തൂർ വരെയുള്ള മെട്രോ പദ്ധതിയാണ്,” സുരേഷ് ഗോപി വ്യക്തമാക്കി.


