പടം… ബിജെപി കഴക്കൂട്ടം മണ്ഡലം ശ്രീകാര്യത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകാര്യം : പിണറായി സർക്കാരും മുൻ എംഎൽഎയും കാണിച്ച കബളിപ്പിക്കൽ രാഷ്ട്രീയം ഉപേക്ഷിച്ച് വി.ഡി. സതീശൻ സർക്കാർ ശ്രീകാര്യത്ത് മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കഴക്കൂട്ടം എംഎൽഎ വി.മുരളീധരൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ശ്രീകാര്യത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരൻ എംഎൽഎ.
ശ്രീകാര്യം മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് 18 മാസത്തിനകം മേൽപ്പാലം പൂർത്തിയാകുമെന്നാണ്.
ഇതുവരെ മേൽപ്പാലത്തിന്റെ രൂപരേഖയുടെ പടം പോലും തയ്യാറായിട്ടില്ല. അതിനു വേണ്ടുന്ന നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. ഉദ്ഘാടനം കഴിഞ്ഞ് 20 മാസം പിന്നിട്ടു. അപ്രോച്ച് റോഡുകൾ പോലും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. പിണറായി സർക്കാരും മുൻ എംഎൽഎയും നടത്തിയത് കബളിപ്പിക്കൽ രാഷ്ട്രീയമായിരുന്നു.
കഴക്കൂട്ടത്തോട് അതേ പോലെയാണ് നിലവിലെ സർക്കാരിന്റെയും നയം. ഒരടി പോലും മുന്നോട്ടു പോയിട്ടില്ല. കഴക്കൂട്ടത്തോട് കടുത്ത അവഗണനയാണ് വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കഴക്കൂട്ടത്തിന് വേണ്ടിയോ ശ്രീകാര്യം പാലത്തിനു വേണ്ടിയോ ബജറ്റിൽ പ്രഖ്യാപനമോ, പരാമർശമോ ഇല്ല.
മേൽ പാലത്തിന്റെ കാര്യത്തിലും കുടിവെള്ളത്തിന്റെ കാര്യത്തിലും കബളിപ്പിക്കൽ രാഷ്ട്രീയമാണ് വി.ഡി സതീശൻ സർക്കാരും പിന്തുടരുന്നത്.
മുമ്പ് ചിരിക്കാത്ത മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയാണ്. ഫലത്തിൽ രണ്ടു പേരും ഒരു പോലെയാണ്.
നിലപാടുകളുടെ രാജകുമാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ സ്വപ്നലോകത്തെ രാജകുമാരനാണ് വി.ഡി. സതീശൻ. സ്വപ്നം കാണുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞദിവസം ടാറ്റ 10000 കോടി നിക്ഷേപിക്കുന്നതായി സ്വപ്നം കണ്ടിരുന്നു.
കഴക്കൂട്ടം സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണ്. അത് മറന്നു പോകരുത്. ടെക്നോപാർക്ക് അടക്കം നിരവധി സ്ഥാപനങ്ങളുടെ മണ്ണാണ്. ഇവിടെയുള്ള സ്ഥാപനങ്ങൾ ഇവിടം വിട്ടു പോകാൻ ഇടയാക്കരുത്. പതിനായിരക്കണക്കിന് ജനങ്ങൾ താമസിക്കുകയും വന്നു പോവുകയും ചെയ്യുന്ന സ്ഥലത്ത് ആവശ്യമായ കുടിവെള്ളം വേണം.
കഴക്കൂട്ടത്തെ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് നിയമസഭയിൽ മന്ത്രി സമ്മതിച്ചിരുന്നു. സമ്മതപത്രമല്ല കഴക്കൂട്ടത്തുകാർക്ക് വേണ്ടത് കുടിവെള്ളമാണ്.
കഴക്കൂട്ടത്തോടുള്ള അവഗണന വി.ഡി. സതീശൻ സർക്കാർ അവസാനിപ്പിക്കണം. വി. മുരളീധരൻ എംഎൽഎ പറഞ്ഞു.
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് എസ്. എസ്. സുനിൽ അധ്യക്ഷനായിരുന്നു.
ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് മാരായ ശ്രീവരാഹം വിജയൻ, കഴക്കൂട്ടം അനിൽ, അഡ്വ. ആർ.എസ്. രാജീവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ബി.ജി. വിഷ്ണു കരിക്കകം മണികണ്ഠൻ, ബിജെപി ഉള്ളൂർ മണ്ഡലം പ്രസിഡൻറ് ദിവ്യ, ബിജെപി മേഖലാ സെക്രട്ടറിയും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയൻ, വിവിധ വാർഡുകളിലെ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.


