ബെംഗളൂരു :തടവുകാരെ സംബന്ധിച്ച വിഐപി പരിഗണനകളെക്കുറിച്ചുള്ള വിവാദം വീണ്ടും. പാരപ്പന അഗ്രഹാര ജയിലിൽ ചില തടവുകാർക്ക് ആഡംബര സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണമാണ് ഉയരുന്നത്. ജയിലിനുള്ളിൽ സീരിയൽ കില്ലർ ഉമേഷ് റാവു രണ്ട് ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.ഉമേഷ് ഫോണിൽ സംസാരിക്കുന്നതും, അദ്ദേഹത്തിന്റെ സെല്ലിൽ ടിവി കാണാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതുമാണ് വീഡിയോയിലൂടെ വ്യക്തമായത്. കൂടാതെ, സെല്ലിനുള്ളിൽ തന്നെ പാചകം ചെയ്യുന്ന തടവുകാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജയിലിലെ മറ്റൊരു വിവാദമായി, എൻഐഎ പിടികൂടിയ രണ്ടു ബംഗ്ലദേശ് പൗരന്മാരും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായി അധികൃതർ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.സുപ്രീം കോടതി ഇതിനുമുമ്പ് “ജയിലിൽ ഒരാളും വിഐപി പരിഗണന ലഭിക്കരുത്” എന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഉദ്യോഗസ്ഥർ ഈ നിർദ്ദേശം അവഗണിച്ചുവെന്നതാണ് ആരോപണം. ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിൽ ആയിരുന്ന നടൻ ദർശൻ തെഗുദീപയ്ക്ക് സമാനമായ സൗകര്യങ്ങൾ നൽകിയ സംഭവത്തോടു സാമ്യമുള്ളതാണ് പുതിയ വിവാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദർശൻ ജയിലിനുള്ളിൽ പുൽത്തകിടിയിൽ കാപ്പിയുമായി ഇരിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, സമാന സൗകര്യം ആവശ്യപ്പെട്ട് മറ്റു ജയിലുകളിലുമുള്ള തടവുകാർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന്, ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയതോടൊപ്പം, വിഐപി സൗകര്യങ്ങൾ ഒരുക്കിയതിൽ പങ്കാളികളായ പാരപ്പന ജയിലിലെ ഒമ്പത് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു.


