പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സഹായിക്കണമെന്ന് താൻ എഴുതി ഒപ്പിട്ടു നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അസത്യമാണെന്ന് കടകംപള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദേശം നൽകിയതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ടെന്ന ആരോപണം ഉയരുന്നുണ്ടെന്നും, അങ്ങനെ ഒരു ഉത്തരവ് നിലവിലുണ്ടെങ്കിൽ അത് പുറത്തുവിടാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ട് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു തന്റെ നിലപാട്. എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്നതിനാലാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് താൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുന്നിൽ ഹാജരായി മൊഴി നൽകിയതെന്നും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. എം.എൽ.എ ബോർഡ് ഘടിപ്പിച്ച തന്റെ കാറിലാണ് അവിടെ എത്തിയതും മടങ്ങിയതും. ഇതെല്ലാം പകൽവെളിച്ചത്തിൽ നടന്ന സംഭവങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ വീടുകൾ നിർമിച്ചു നൽകിയെന്ന റിപ്പോർട്ടുകളും അസത്യമാണെന്ന് കടകംപള്ളി പറഞ്ഞു. സർക്കാർ പദ്ധതികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ നിരവധി പേർക്ക് വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ടെങ്കിലും, അതിൽ ഒന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമിച്ചതല്ല.അത്തരമൊരു വീട് ഉണ്ടെങ്കിൽ തെളിയിക്കാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനമാണ് വേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


