തിരുവനന്തപുരം:ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎൻ) ബാധിച്ച രോഗികൾക്ക് സൗജന്യ സമഗ്ര ചികിത്സ ഉറപ്പാക്കി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘കെയർ’ അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് പിഎൻ രോഗികൾക്ക് ചികിത്സയും വിലപിടിപ്പുള്ള മരുന്ന് സഹായവും ആരംഭിച്ചിരിക്കുന്നത്.ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചെലവാകുന്ന ചികിത്സ ആവശ്യമായ പിഎൻ പോലുള്ള അപൂർവ രോഗങ്ങൾ കേന്ദ്ര സർക്കാരിന്റെ എൻപിആർഡി പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. ഈ വെല്ലുവിളി മറികടക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ‘കെയർ’ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഇടപെട്ടത്.തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുഞ്ഞിനാണ് പദ്ധതിയുടെ ഭാഗമായി ആദ്യമായി മരുന്ന് നൽകിയത്.
ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന മരുന്നാണ് സൗജന്യമായി നൽകിയത്. ഇതോടെ പിഎൻ രോഗികൾക്ക് സംസ്ഥാന സർക്കാർ സംവിധാനത്തിലൂടെ സമഗ്ര ചികിത്സ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.അപൂർവ രോഗങ്ങൾ നേരിടുന്നതിനുള്ള കേരളത്തിന്റെ കരുതൽ മാതൃകയാണ് ‘കെയർ’ പദ്ധതി. രോഗനിർണയം മുതൽ മരുന്ന് വിതരണം, പിന്തുണാ സേവനങ്ങൾ, സാമ്പത്തിക-മാനസിക സഹായം എന്നിവ ഉൾപ്പെടെ ചികിത്സയുടെ എല്ലാ ഘട്ടങ്ങളും പദ്ധതി ഉറപ്പാക്കുന്നു. ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ, ഗ്രോത്ത് ഹോർമോൺ കുറവ് തുടങ്ങിയ അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകുന്നതിനുള്ള പദ്ധതികളും ഇതിനകം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തെ 12 ആശുപത്രികളിലൊന്നായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവർഷം കോടികൾ ചെലവ് വരുന്ന എസ്‌എംഎ ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്.‘രോഗം അപൂർവമാണെങ്കിലും ചികിത്സ അപൂർണമാകരുത്’ എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.


