തിരുവനന്തപുരം:കലോത്സവ വേദികളിൽ നിന്ന് ‘താമര’യെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്തവണയും താമര ഒഴിവാക്കിയതെന്നും, അത് ബോധപൂർവമായ തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി.ഏറ്റവുമൊടുവിൽ തൃശ്ശൂരിൽ നടന്ന കലോത്സവത്തിലും വേദികൾക്ക് പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരുന്നതെന്നും, അന്നും താമര ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നും, അതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്തവണയും താമര ഒഴിവാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.“ഏറ്റവുമൊടുവിലെ കലോത്സവത്തിലും പുഷ്പങ്ങളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരുന്നത്. അന്നൊന്നും താമര ഉണ്ടായിരുന്നില്ല. വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് അത് ഒഴിവാക്കിയത്. ബോധപൂർവമായ നടപടി അല്ല,” മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, കൈക്കൂലി കേസിൽ ആരോപണവിധേയനായി പിരിച്ചുവിട്ട ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെതിരെ എത്രയും വേഗത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു മണിക്കൂർ പോലും വൈകിയാൽ ഇയാൾക്ക് സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഇയാളെ ജയിലിലടച്ച് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി പറഞ്ഞു.രാധാകൃഷ്ണനെ പോലുള്ള ഉദ്യോഗസ്ഥർ വഴി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ സ്വർണക്കടത്ത്, ബിരിയാണി ചെമ്പ്, സ്വപ്ന സുരേഷ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചത് രാധാകൃഷ്ണനാണെന്നും, മുഖ്യമന്ത്രിയെ പോലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.രാധാകൃഷ്ണൻ ഇതിനോടകം കോടിക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ടാകാമെന്നും, അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി സ്വാഗതാർഹമാണെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.


