രണ്ട് പതിറ്റാണ്ടിന്റെ ബന്ധം:ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠർ രാജീവർ അറസ്റ്റിൽ;സ്വർണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് എസ്ഐടി

കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയത് തന്ത്രി കണ്ഠർ രാജീവറാണെന്ന് എസ്ഐടി കണ്ടെത്തൽ. ഇരുവരും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, തന്ത്രിയുടെ മൗനാനുവാദത്തോടെയായിരുന്നു സ്വർണക്കൊള്ളയും സ്പോൺസർഷിപ്പിലെ ക്രമക്കേടുകളും നടന്നതെന്നും എസ്ഐടി വ്യക്തമാക്കി.ബെംഗളൂരു ക്ഷേത്രത്തിൽ നിന്നാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നും, ശബരിമലയിൽ നിന്ന് സ്വർണ്ണ പാളികൾ കൊണ്ടുപോയതിനെ തന്ത്രി എതിർത്തിരുന്നില്ലെന്നും എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി.

Advertisements

ഈ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠർ രാജീവറിനെ അറസ്റ്റുചെയ്തത്.കൊച്ചിയിലെ എസ്ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എസ്ഐടി ഓഫീസിൽ ഹാജരാകാൻ വിളിപ്പിച്ചിരുന്ന രാജീവർ, അറസ്റ്റിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യൽ അവസാനിച്ച ഉടൻ എസ്ഐടി അപ്രതീക്ഷിതമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട് പ്രതികരിച്ച രാജീവർ, “ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം?” എന്നായിരുന്നു പ്രതികരണം. തന്ത്രി കണ്ഠർ മോഹനരും നേരത്തെ കേസിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ നവംബറിലും തന്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി എസ്ഐടി അറിയിച്ചു.
ക്ഷേത്രത്തിലെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ സംരക്ഷണ ചുമതല ദേവസ്വം ബോർഡിനാണെന്നും, സ്വർണ്ണ പാളികളുടെ അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് തന്നെ സമീപിച്ചതെന്നും രാജീവർ മുൻപ് മൊഴി നൽകിയിരുന്നു.

ദേവസ്വം ബോർഡ് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അനുമതിയും ഭഗവാന്റെ അനുഗ്രഹവും നൽകിയതായും, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ അങ്കിയുടെ നിറം മങ്ങിയതിനാൽ നവീകരണത്തിന് അനുമതി നൽകിയതായും അദ്ദേഹം എസ്ഐടിയെ അറിയിച്ചിരുന്നു.അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേർത്ത എല്ലാവരെയും ഉൾപ്പെടുത്തി കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം.


ഉണ്ണിക്കൃഷ്ണൻ പോറ്റി ഒന്നാംപ്രതിയായ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെ പതിനഞ്ചിലേറെ പേർ പ്രതികളാകുമെന്നാണ് സൂചന. തന്ത്രി കണ്ഠർ രാജീവറുടെ അറസ്റ്റോടെ അദ്ദേഹത്തെയും ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായി റെയ്ഡുകളും സ്വത്ത് കണ്ടുകെട്ടൽ നടപടികളും വരുംദിവസങ്ങളിൽ ഇഡി ആരംഭിച്ചേക്കും.

Hot Topics

Related Articles