ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിൽ; യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിന് സ്റ്റേ

ചെന്നൈ: വിജയ്‌യുടെ ജനനായകൻ സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്തു. സെൻസർ ബോർഡിന്റെ ഹർജിയിലാണ് നടപടി. കേസ് 21 ന് മാത്രമേ ഇനി പരിഗണിക്കൂ. ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്.അതേസമയം റിലീസ് പ്രഖ്യാപിച്ചിരുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്‌തി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ചിത്രം നാളെത്തന്നെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്‌തിയിൽ നിന്നു 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സെൻസർ ബോർഡ് നോട്ടിസ് നൽകിയിരുന്നു.ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കൾ ആരോപിച്ചിരുന്നു.

Advertisements

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി, നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്നു ബോർഡ് വിശദീകരണവും നൽകി. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകിയിരുന്നു.പരാശക്തി’ സിനിമയ്ക്ക് വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാൻ ഡിഎംകെ ശ്രമിക്കുന്നെന്നു വിജയ് ആരാധകരും ആരോപിച്ചിട്ടുണ്ട്. ഡോൺ പിക്ചേഴ്സിന്റെ ആകാശ് ഭാസ്‌കരൻ നിർമിക്കുന്ന പരാശക്തി വിതരണം ചെയ്യുന്നത് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ്റെ മകൻ ഇൻപനിധി തലവനായുള്ള ‘റെഡ് ജയന്റ് മൂവീസ്’ ആണ്.

Hot Topics

Related Articles