രാജ്യത്ത് സംഘടിക്കാനും പ്രവർത്തിക്കാനുമുള്ളസാഹചര്യങ്ങൾ അസാധ്യമാക്കുന്നു: കെപി രാജേന്ദ്രൻ

കോട്ടയം: സംഘടിക്കാനും പ്രവർത്തിക്കാനും ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമായി വാദിക്കാനുമുള്ള സാഹചര്യങ്ങൾ അസാധ്യമാക്കുന്ന അവസ്ഥയിലാണ് തൊഴിലാളികളും പ്രവർത്തകരുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ. എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കാനം രാജേന്ദ്രൻ ട്രേഡ് യൂണിയൻ സ്കൂളിന്റെ ഭാഗമായി കാനംരാജേന്ദ്രന്റെ വസതിയിൽ വച്ച് സംഘടിപ്പിച്ച പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

മൂലധനശക്തികൾ അധ്വാനവർഗ്ഗത്തെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമങ്ങൾക്ക് വൈവിധ്യമാർന്ന മാനങ്ങൾ തേടുകയാണ്. തൊഴിലാളിചൂഷണത്തിലൂടെ മാത്രം മിച്ചമൂലധനം വർധിപ്പിക്കാനുള്ള ആഗ്രഹിക്കുന്ന കുത്തകകളെയും അവർക്ക് കൂടപിടിക്കുന്ന ഭരണകൂടങ്ങളെയും പ്രതിരോധിക്കാൻ കൂട്ടായ പ്രക്ഷോഭത്തിന്റെ മാർഗ്ഗം മാത്രമാണ് മുന്നിലുള്ളത്, കെ പി രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രേഡ് യൂണിയൻ സ്കൂൾ പ്രസിഡന്റ് അഡ്വ. വിബി ബിനു അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് കാനം രാജേന്ദ്രൻ അനുസ്മരണം നടത്തി. തൊഴിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവി രാമനും തൊഴിൽ കോഡുകളുടെ തൊഴിലാളി വിരുദ്ധത എന്ന വിഷയത്തിൽ അഡ്വ. വി മോഹൻദാസും ക്ലാസ്സുകളെടുത്തു. വിവിധ തൊഴിലിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും എഐടിയുസി പ്രവർത്തകരും പങ്കെടുത്തു.

ട്രേഡ് യൂണിയൻ സ്കൂൾ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, പ്രിൻസിപ്പൽ, എസ് രാമകൃഷ്ണൻ, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ കെകെ അഷ്റഫ്, സിപി മുരളി, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വികെ സന്തോഷ് കുമാർ, എഐടിയുസി കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് എന്നിവർ പ്രസംഗിച്ചു. രാവിലെ കാനം സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. ഉച്ചകഴിഞ്ഞായിരുന്നു പഠനക്ലാസ്സ്.

Hot Topics

Related Articles