തിരുവനന്തപുരം:ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് അവഹേളനപരവും ക്രിസ്ത്യൻ സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു.കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൊതുജനങ്ങൾക്ക് പോലും പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഏതെല്ലാം ശുപാർശകളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. നടപ്പാക്കാത്ത കാര്യങ്ങൾ നടപ്പാക്കിയതായി അവകാശപ്പെടുന്നത് ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് ചേർന്നതല്ലെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
സർക്കാരിന് സമുദായത്തെ കബളിപ്പിക്കാനാവില്ലെന്നും ഫാ. ഫിലിപ് കവിയിൽ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകളിൽ സാധ്യമായതെല്ലാം നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കമ്മീഷൻ സമർപ്പിച്ച 284 ശുപാർശകളും 45 ഉപശുപാർശകളും സംസ്ഥാന സർക്കാർ പരിഗണിച്ചതായും, ഇതിൽ 220 ശുപാർശകളിലും ഉപശുപാർശകളിലും നടപടികൾ പൂർത്തിയാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 17 വകുപ്പുകൾ പൂർണമായും ശുപാർശകൾ നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള വിഷയങ്ങളിൽ ആശയക്കുഴപ്പം പരിഹരിക്കാൻ ഫെബ്രുവരി 6ന് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും, ശുപാർശകൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ ഇതിനകം യോഗം ചേർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിവിധ വിഷയങ്ങൾ ആഴത്തിൽ പഠിച്ചാണ് കമ്മീഷൻ ശുപാർശകൾ സമർപ്പിച്ചതെന്ന് ജസ്റ്റിസ് ജെ.ബി. കോശി വ്യക്തമാക്കി. ശുപാർശകൾ വിവിധ വകുപ്പുകളിലേക്ക് കൈമാറിയ വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, ശുപാർശകൾ നടപ്പാക്കണമോയെന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


