ശബരിമലയിൽ ഭക്തപ്രവാഹം; ശരംകുത്തി വരെ ക്യൂ; ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര-അരവണയ്ക്ക് വീണ്ടും നിയന്ത്രണം

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ വർധിച്ചു. മണ്ഡലകാലത്തിന്റെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് സന്നിധാനത്തും പാതകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്ററുകൾ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസ് കണക്ക് പ്രകാരം ഇന്ന് രാവിലെ 8 വരെ 33,624 ഭക്തരാണ് ദർശനം നടത്തിയത്. സ്കൂളുകൾക്ക് ക്രിസ്മസ് അവധി ആരംഭിക്കുന്നതോടെ വരുംദിവസങ്ങളിൽ തിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.കാനനപാതകളിലും തിരക്ക് രൂക്ഷമാണ്. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് പുല്ലുമേട് വഴി 87,128 പേരും, കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ 49,666 പേരും സന്നിധാനത്തെത്തി.

Advertisements

അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പരമാവധി 10 ടിൻ അരവണ മാത്രമാണ് അനുവദിക്കുന്നത്. കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നേരത്തെ ഒരാൾക്ക് 20 ടിൻ വരെ അനുവദിച്ചിരുന്നുവെങ്കിലും അത് കുറയ്ക്കുകയായിരുന്നു. ഇതോടെ അരവണ കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കര്‍പ്പൂരാഴി ഘോഷയാത്ര ഇന്നും നാളെയും

മണ്ഡലകാല തീർത്ഥാടനം അപകടരഹിതമായി പൂർത്തിയാകണമെന്ന പ്രാർഥനയോടെ സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര നടക്കും. ഇന്ന് ദേവസ്വം ജീവനക്കാരുടേയും, നാളെ പൊലീസിന്റെയും നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

തങ്കഅങ്കി രഥഘോഷയാത്ര ശബരിമലയിലേക്ക്

അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയുമായി രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം 26ന് ഉച്ചയോടെ രഥഘോഷയാത്ര പമ്പയിലെത്തും. അവിടെ നിന്ന് പ്രത്യേക പേടകങ്ങളിൽ തങ്കഅങ്കി മാറ്റി ഗുരുസ്വാമിമാർ തലയിൽ ഏറ്റി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴിയായി സന്നിധാനത്തെത്തിക്കും. 26ന് വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജയാണ്.

മണ്ഡലപൂജ ശനിയാഴ്ച

മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശനിയാഴ്ചയാണ് മണ്ഡലപൂജ. അന്നേദിവസം വെർച്വൽ ക്യൂ വഴി 35,000 ഭക്തർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. മണ്ഡലപൂജ രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനർ അറിയിച്ചു. 11.30ന് ദീപാരാധന പൂർത്തിയാകും. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും.1973ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി.

മകരവിളക്ക് തീർത്ഥാടനം

മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. പ്രത്യേക പൂജകളില്ലെങ്കിലും ദർശനം അനുവദിക്കും. മകരവിളക്ക് കാലത്തെ പൂജകളും അഭിഷേകവും 31ന് പുലർച്ചെ മൂന്നിന് ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടത്തുള്ളൽ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട് 14ന് വൈകിട്ട് സന്നിധാനത്തെത്തും. ശരംകുത്തിയിൽ നിന്ന് സ്വീകരിച്ച ശേഷം ആഘോഷപൂർവം സന്നിധാനത്തെത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

Hot Topics

Related Articles