ശബരിമല സ്വർണക്കൊള്ള: 10 മണിക്കൂർ നീണ്ട ശാസ്ത്രീയ പരിശോധന പൂർത്തിയായി; മലയിറങ്ങാൻ സജ്ജമായി എസ്ഐടി സംഘം

പമ്പ:ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനകൾക്കായി സന്നിധാനത്തിൽ എത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 10 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി. പുലർച്ചെയോടെയാണ് പരിശോധന അവസാനിപ്പിച്ചത്. ശ്രീകോവിലിൽനിന്ന് അഴിച്ചെടുത്ത പാളികൾ വീണ്ടും ഘടിപ്പിച്ചു. സംഘം ഇന്ന് മലയിറങ്ങുമെന്നാണ് വിവരം.പരിശോധനയുടെ ഭാഗമായി കട്ടിളപാളികളിലും ശ്രീകോവിലിനോട് ചേർന്നുള്ള സ്വർണം പൂശിയ പാളികളിലും നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. പാളികളുടെ കാലപ്പഴക്കം കണ്ടെത്തി അവ വ്യാജമാണോയെന്ന് വ്യക്തമാക്കുന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

Advertisements

1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണപ്പാളിയും 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി പൂശി നൽകിയ പാളിയുമായുള്ള വ്യത്യാസം കണ്ടെത്തലും പരിശോധനയുടെ ഭാഗമായിരുന്നു.ഹൈക്കോടതിയുടെ നിർദേശപ്രകാരം ശേഖരിച്ച സാംപിളുകൾ ഫിസിക്കൽ, കെമിക്കൽ, സ്പെക്ട്രോസ്കോപിക് അനാലിസിസ്, മൈക്രോ സ്ട്രക്‌ചർ പരിശോധനകൾക്ക് വിധേയമാക്കി. ഇവയുടെ ഫലം അടക്കം പ്രത്യേക സംഘം കോടതിയിൽ റിപ്പോർട്ട് ചെയ്യും.ഇന്നലെ ഉച്ചപ്പൂജയ്ക്ക് ശേഷം തന്ത്രി കണ്‌ഠർ മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്ഞ വാങ്ങിയാണ് പരിശോധന ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടിയും ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനും പരിശോധനയിൽ സാന്നിധ്യമുണ്ടായിരുന്നു.ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് മൂലയിലുള്ള സ്വർണപ്പാളിയാണ് ആദ്യം അഴിച്ചെടുത്തത്. പിന്നീട് മറ്റുള്ള മൂലയിലെയും പാളികൾ പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിലെ ഭാഗങ്ങളും കട്ടിളപ്പാളികളും അഴിച്ചെടുക്കുകയും തൂക്കം പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഫോട്ടോഗ്രാഫർമാർ ഓരോ ഘട്ടവും രേഖപ്പെടുത്തി.പരിശോധനക്ക് വേണ്ടിയുള്ള ലാബ് ദേവസ്വം ബോർഡ് ഓഫീസിന്റെ സമിപമുള്ള മുറികളിലാണ് ക്രമീകരിച്ചിരുന്നത്. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് തൂക്കം പരിശോധിച്ചത്.

കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയടക്കം മുൻ കമ്മിഷണർ എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർ റിമാൻഡിലാണ്. മറ്റുപ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലുകളും തുടരും.അതേസമയം, കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും തനിക്കു കേസിൽ പങ്കില്ലെന്നും ജയശ്രീ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയിലാണ് എന്നതും ജാമ്യം അനുവദിക്കണമെന്നതുമാണ് അപേക്ഷയിലെ പ്രധാന വാദങ്ങൾ.

Hot Topics

Related Articles