തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവ് എ.കെ. ബാലനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമെന്ന തരത്തിലുള്ള അഭിപ്രായം മുന്നണിക്കോ സിപിഎമ്മിനോ ഇല്ലെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.അങ്ങനെ ഒരു നിലപാട് എൽഡിഎഫോ സിപിഎമ്മോ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും, എ.കെ. ബാലൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുന്നതിൽ പ്രശ്‌നമില്ല. പിന്നല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമെന്ന പ്രശ്‌നം വരുന്നത്. ചില കണക്കുകൂട്ടലുകളുടെ ഭാഗമായിട്ടായിരിക്കും എ.കെ. ബാലൻ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,” എന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.
വർഗീയതയ്‌ക്കെതിരായ സിപിഎം നിലപാട് ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ.കെ. ബാലനെന്നും, അദ്ദേഹത്തിന്റെ പരാമർശത്തിന്റെ മുഴുവൻ വിശദാംശങ്ങൾ അറിയില്ലെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക, അങ്ങനെയായാൽ ഒന്നും രണ്ടും മാറാടുകൾക്കപ്പുറം കൂടുതൽ വർഗീയ കലാപങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന. മാറാട് കലാപങ്ങളുടെയും തലശ്ശേരി കലാപത്തിന്റെയും സമയത്ത് ലീഗും ആർഎസ്‌എസും നോക്കി നിന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. വർഗീയ കലാപങ്ങളെ ശരീരംകൊടുത്തും ജീവൻ ബലികൊടുത്തും നേരിട്ട പ്രസ്ഥാനമാണ് സിപിഎമെന്നും, കേരളത്തെ വർഗീയ കലാപത്തിന്റെ കുരുതിക്കളമാക്കാൻ അനുവദിക്കില്ലെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് നടന്നത് നടക്കരുതായിരുന്ന സംഭവമാണെന്നും, ആർഎസ്‌എസും ജമാഅത്തും കലാപം ആഗ്രഹിച്ചുവെന്നും, അത് പൊലീസ് ഇടപെടലിലൂടെ തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.ഇതിനിടെ, എ.കെ. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.


